പ്യോംഗ്യാംഗ്: റിയോ ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച ഉത്തര കൊറിയന്‍ താരങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ നടപടികളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. പ്രതീക്ഷിച്ച ഫലം കാഴ്ച്ചവെക്കാത്ത താരങ്ങളെ കല്‍ക്കരി ഖനികളിലേക്ക് ജോലിക്ക് അയക്കുന്നത് പോലുളള ശിക്ഷകളാണ് കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 31 അംഗ ഒളിമ്പിക്‌സ് ടീമിനെയാണ് ഉത്തരകൊറിയ റിയോയിലേക്ക് അയച്ചത്.

ഒളിമ്പിക്‌സില്‍ അഞ്ച് സ്വര്‍ണം ഉള്‍പ്പെടെ 12 മെഡലുകള്‍ നേടണം എന്നതായിരുന്നു ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ കല്‍പന. എന്നാല്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും അടക്കം ഏഴ് മെഡലുകളാണ് ഉത്തര കൊറിയന്‍ താരങ്ങള്‍ സ്വന്താമാക്കിയത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണ മെഡലുകള്‍ ഉത്തരകൊറിയന്‍ ടീം സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരങ്ങള്‍ ശിക്ഷാ നടപടികള്‍ ഭയന്ന് ജീവിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓരോരുത്തരുടെ പ്രകടനം വിലയിരുത്തുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. മോശം പ്രകടനം കാഴ്ച്ച വെച്ചവര്‍ക്ക് റേഷന്‍ വെട്ടിക്കുറക്കുക, മോശം വീടുകളിലേക്ക് മാറ്റുക, ഖനികളിലേക്ക് പണിയെടുക്കാന്‍ അയക്കുക തുടങ്ങിയ ശിക്ഷാ നടപടികളാകും ഉണ്ടാകുക. അതേസമയം മെഡല്‍ നേടിയ താരങ്ങള്‍ക്ക് നല്ല വീടും മതിയായ റേഷനും കാറും ഉള്‍പ്പെടെയുളള സമ്മാനങ്ങളാണ് രാജ്യം സമ്മാനിക്കുക.

2010 ലോകകപ്പില്‍ ഉത്തര കൊറിയന്‍ടീം പോര്‍ച്ചുഗലിനോട് 7-0ത്തിന് തോറ്റതിന് പിന്നാലെ രാജ്യത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും ശിക്ഷാ നടപടികള്‍ക്ക് വിധേയരായിരുന്നു. ചില താരങ്ങളെയും കോച്ചുമാരെയും റീ എഡ്യൂക്വേഷന്‍ ക്യാമ്പുകളിലേക്ക് അയച്ചപ്പോള്‍ മറ്റു ചിലരെ കല്‍ക്കരി ഖനികളില്‍ പണിയെടുക്കാന്‍ അയക്കുകയായിരുന്നു.

താരങ്ങള്‍ ഖനികളിലേക്ക് പണിയെടുക്കാന്‍ അയക്കപ്പെട്ടാല്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് തിരിച്ചുവരാന്‍ അനുവാദമില്ല. ഈ ശിക്ഷ തന്നെ തങ്ങള്‍ക്കും ഉണ്ടാകുമോയെന്നാണ് ഒളിമ്പിക്‌സ് താരങ്ങളുടെ ഭയം.kim-jongh-un (1)