anuragthakurകോഴിക്കോട്: പാകിസ്താനുമായി ഇന്ത്യ തത്ക്കാലം ക്രിക്കറ്റ് കളിക്കില്ലെന്ന് ബി.സി.സി.ഐ. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം വിച്‌ഛേദിക്കാന്‍ തീരുമാനിച്ചതെന്ന് ബി.സി.സി.ഐ. അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിനെത്തിയതായിരുന്നു ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ നിന്നുള്ള ബി.ജെ.പി.യുടെ ലോക്‌സഭാംഗവും യുവമോര്‍ച്ച ദേശീയാധ്യക്ഷനുമായ അനുരാഗ് താക്കൂര്‍.

ഇതുപോലൊരു രാജ്യവുമായി ക്രിക്കറ്റ് കളിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്ന വിഷയമേയില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ക്രിക്കറ്റ് പരമ്പരയുടെ ശുപാര്‍ശയൊന്നും വന്നിട്ടില്ല. എന്തായാലും തത്ക്കാലം പാകിസ്താനുമായി ഒരു പരമ്പര കളിക്കുന്ന കാര്യം ബി.സി.സി.ഐ.യുടെ പരിഗണനയിലില്ല-താക്കൂര്‍ പറഞ്ഞു.