ദില്ലി: രാജ്യത്തെ സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ 2016 ന്റെ ഫോബ്‌സ് മാസികാ പട്ടികയില്‍ ഒന്നാമതെത്തി. 51 വയസ്സുകാരനായ സല്‍മാന്‍ കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന് പിന്നിലായി രണ്ടാമതായാണ് ഫോബ്‌സിന്റെ പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. ബ്ലോക്ബസ്റ്റര്‍ ചിത്രം സുല്‍ത്താന്‍ നേടിയ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സല്‍മാന്‍ ഖാന്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. അതേസമയം, പട്ടികയില്‍ രണ്ടാമതാണ് ഷാരൂഖിന് സ്ഥാനം. ആമിര്‍ ചിത്രം ദംഗല്‍ ഇന്ന് പുറത്തിറങ്ങിയെങ്കിലും, ഫോബ്‌സ് പട്ടികയുടെ കാലപരിധി അവസാനിച്ചതിനാല്‍ ആമിര്‍ ഖാന് ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഫോബ്‌സിന്റെ പട്ടികയില്‍ 14 സ്ഥാനത്താണ് ആമിര്‍ ഖാന്‍. ഈ വര്‍ഷത്തെ ആദ്യ ആമിര്‍ ചിത്രമാണ് ദംഗല്‍. 2014 ലെ പികെയ്ക്ക് ശേഷം ഇറങ്ങുന്ന ആമിറിന്റെ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് രാജ്യത്ത് ഉടനീളം ലഭിച്ച് കൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ ഇന്ത്യയുടെ യശസ്സിനെ രാജ്യാന്തര തലങ്ങളിലെത്തിച്ച ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവര്‍ യഥാക്രമം എട്ട്, ആറ് സ്ഥാനങ്ങള്‍ കൈയ്യടക്കി. പട്ടികയില്‍ ആക്ഷന്‍ താരം അക്ഷയ് കുമാര്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, മഹേന്ദ്രസിംഗ് ധോണി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ മൂന്ന്, അഞ്ച്, ഏഴ് സ്ഥാനങ്ങളിലെത്തി. അതേസമയം, അമിതാഭ് ബച്ചന്‍, ഹൃത്വിക്ക് റോഷന്‍ എന്നിവര്‍, ഒമ്പതും പത്തും സ്ഥാനങ്ങള്‍ നേടി.

എന്നാല്‍ പട്ടികയില്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് എവിടെയെന്ന ചോദ്യമാണ് ഏറെ ശ്രദ്ധേയം. ആരാധകരെ ഞെട്ടിച്ച് കൊണ്ട് പട്ടികയില്‍ രജനീകാന്തിന് 30 ആം സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. വരുമാനം, പ്രശസ്തി എന്നീ ഘടകങ്ങളെ ആസ്പദമാക്കിയാണ് ഫോബ്‌സ് മാസിക സെലിബ്രിറ്റികളുടെ വാര്‍ഷിക പട്ടിക തയ്യാറാക്കയിട്ടുള്ളത്. പട്ടിക പ്രകാരം, 35 കോടി രൂപയാണ് രജനീകാന്തിന്റെ 2016 ലെ വരുമാനം. അതേസമയം, പ്രശസ്തിയുടെ അടിസ്ഥാനത്തില്‍ രജനീകാന്തിന്റെ റാങ്കിങ്ങ് 53 ആണ്. രജനീകാന്ത് നായകനായ കബാലിയുടെ എഫക്ട് ഇപ്പോയും രാജ്യത്ത് നിന്നും വിട്ടുമാറിയിട്ടില്ല.

രജനീകാന്തിന് മുകളിലായി കപില്‍ ശര്‍മ്മ, രണ്‍വീര്‍ സിങ്ങ്, എ ആര്‍ റഹ്മാന്‍, എന്നിവര്‍ പട്ടികയില്‍ 11, 12, 13 സ്ഥാനം നേടി. 14 സ്ഥാനത്തുള്ള ആമിര്‍ഖാനും, 30 ആം സ്ഥാനത്തുള്ള രജനീകാന്തിനും ഇടയില്‍ അര്‍ജിത്ത് സിങ്ങ്, രോഹിത് ശര്‍മ്മ, യുവരാജ് സിങ്ങ്, സോനം കപൂര്‍, രണ്‍ബീര്‍ കപൂര്‍, സോനാക്ഷി സിന്‍ഹ, ഷാഹിദ് കപൂര്‍, മാധുരി ദീക്ഷിത്, ശിഖര്‍ ധവാന്‍, ജാക്വിലീന്‍ ഫെര്‍ണാണ്ഡസ്, കത്രീന കൈഫ്, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, ശ്രേയ ഘോഷാല്‍, സാനിയ മിര്‍സ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.