ജോര്‍ജിയയില്‍ നിന്നുള്ള ഇവളുടെ പേര് കെല്ലി ആമിറ എന്നാണ്. ഇവള്‍ക്ക് പ്രണയം തോന്നിയത് താന്‍ വിളിച്ച ഊബര്‍ ടാക്‌സിയുടെ ഡ്രൈവറോടാണ്. പിന്നീട് ഇവള്‍ ചെയ്തു കൂട്ടിയ കാര്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായിരിക്കുന്നത്. കെല്ലി തന്നെയാണ് ഇക്കാര്യങ്ങളെല്ലാം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറം ലോകത്തെ അറിയിച്ചതും.

ഊബര്‍ ടാക്‌സിക്കായി വിളിച്ചപ്പോള്‍ തന്നെ ഡ്രൈവറുടെ ശബ്ദം കെല്ലിക്ക് ഇഷ്ടമായി. നേരിട്ട് കണ്ടപ്പോള്‍ ശബ്ദവുമായി ‘മാച്ച്’ ചെയ്യുന്ന ആള്‍ തന്നെയെന്ന് ബോധ്യപ്പെട്ടതോടെ കെല്ലിക്ക് സന്തോഷമായി. ഒടുവില്‍ തന്റെ സുഹൃത്തിനൊപ്പം കെല്ലി കാറില്‍ യാത്ര ആരംഭിച്ചു. എന്നാല്‍ എങ്ങനെ തന്റെ ആഗ്രഹം ഡ്രൈവറോട് തുറന്നു പറയും എന്നത് സംബന്ധിച്ച് കെല്ലിക്ക് യാതൊരു ധാരണയുമില്ലായിരുന്നു.

അപ്പോഴാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് ഇക്കാര്യം കെല്ലി ചര്‍ച്ച ചെയ്തത്. അതും മെസഞ്ചറിലൂടെ! എങ്ങനെ പറയും എന്ന് അറിയില്ലെന്ന തന്റെ നിസഹായാവസ്ഥ കെല്ലി മുന്‍ സീറ്റിലിരുന്ന തന്റെ സുഹൃത്തിനോട് പറഞ്ഞു. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ഒരു പദ്ധതി ഉണ്ടാക്കി. കെല്ലിയുടെ ഫോണ്‍ നമ്പര്‍ സഹിതം എന്തെങ്കിലും ഒന്ന് കാറില്‍ ഉപേക്ഷിക്കുക. പിന്നീട് അത് തിരിച്ച് വാങ്ങാനായി പോകുമ്പോള്‍ ഡ്രൈവറോട് കാര്യങ്ങള്‍ തുറന്ന് പറയുക. ഇതായിരുന്നു പ്ലാന്‍.

തന്റെ ഐഫോണിന്റെ ചാര്‍ജറാണ് കാറിലുപേക്ഷിക്കാനായി കെല്ലി തെരഞ്ഞെടുത്തത്. പിന്നീട് ഒരു മണിക്കൂറിനു ശേഷം ‘നഷ്ടപ്പെട്ട’ ചാര്‍ജ്ജറിനായി കെല്ലി ഡ്രൈവറെ വിളിച്ചു. എന്നാല്‍ ആരും ഫോണ്‍ എടുത്തില്ല. പുലര്‍ച്ചെ ഒരു മണിക്കാണ് വിളിച്ചതെന്നും കെല്ലി ട്വീറ്റില്‍ പറയുന്നു.

പിന്നെ കെല്ലി മറ്റൊന്നും ചിന്തിച്ചില്ല. ‘ഒഫീഷ്യല്‍’ വഴിയിലൂടെ തന്നെ നീങ്ങാന്‍ തീരുമാനിച്ചു. ചാര്‍ജ്ജര്‍ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ഊബറിന്റെ ഫോം പൂരിപ്പിച്ച് നല്‍കി. അപ്പോഴാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടായത്. പഠിക്കുന്നതിനിടെ കെല്ലിക്ക് അജ്ഞാതമായ നമ്പറില്‍ നിന്ന് മെസേജ് വന്നു. ആ ഡ്രൈവറായിരുന്നു അത്. ഒടുവില്‍ കെല്ലി വിജയിച്ചു. ചാര്‍ജ്ജര്‍ വാങ്ങാനായി കെല്ലി ഡ്രൈവറുടെയടുത്ത് പോയി. ചാര്‍ജ്ജര്‍ വാങ്ങി തന്റെ ഇഷ്ടം തുറന്നു പറഞ്ഞു കെല്ലി. എന്നാല്‍ കെല്ലിയ്ക്ക് കടുത്ത നിരാശ സമ്മാനിച്ച ആന്റി ക്ലൈമാക്‌സായിരുന്നു അവളെ കാത്തിരുന്നത്. താന്‍ വിവാഹിതനാണെന്നും അറിഞ്ഞ കെല്ലി അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നു പോയി.