കണ്ണൂര്‍: ഉത്സവത്തിനിടെ തെങ്ങില്‍ കയറിയ ബപ്പരിയന്‍ തെയ്യം താഴെ വീണു. കണ്ണൂര്‍ അഴീക്കോട് മീന്‍കുന്ന് മുച്ചിരിയന്‍ കാവിലാണ് സംഭവം.ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകളുടെ ഭാഗമയായി തെയ്യം തെങ്ങില്‍ കയറി തേങ്ങയിടുന്നുണ്ട്. ഇത്തരത്തില്‍ തെങ്ങില്‍ കയറിയപ്പോഴാണ് തെയ്യക്കോലധാരി കൈ വഴുതി താഴെ വീണത്. തിങ്കളാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.

തെങ്ങില്‍ കയറി ഏറെ നേരം കഴിയുന്നതിന് മുന്‍പാണ് അപകടം. തേങ്ങ പറിക്കുന്നതിനിടെ കൈ വഴുതിയ തെയ്യം തലകീഴായാണ് വീണത്. നാല്‍പതുകാരനായ സുമേഷായിരുന്നു തെയ്യം കെട്ടിയത്. അപകടം സംഭവിച്ച് ഉടന്‍ തന്നെ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ വലതുകാലിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാള്‍ വീട്ടില്‍ മടങ്ങിയെത്തി.