_20170712_134933-517x356

സച്ചിന്റെ പിന്തുണയും കോഹ്ലിയുടെ താൽപ്പര്യവും വിജയിച്ചപ്പോൾ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. കാർക്കശ്യമുള്ള അനിൽ കുംബ്ലെയ്ക്ക് പകരം കളിക്കാരുമായി അവരിലൊരാൾ എന്ന പോലെ പെരുമാറുന്ന ശാസ്ത്രി വരുന്നത് കോഹ്ലിയുടെ മനം കുളിർപ്പിക്കും. അപ്പോഴും കളിക്കാരുടെ ഇംഗിതങ്ങൾക്ക് കാര്യങ്ങൾ വിട്ട് കൊടുക്കാൻ ആധുനിക ഇന്ത്യൻ ടീമിന്റെ ശിൽപി എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലി തയ്യാറായില്ല. അതു വഴി ശാസ്ത്രിക്കും ഒരു സമ്പൂർണ്ണ ആധിപത്യം ഉണ്ടാകില്ല.

താരതമ്യേനേ അന്താരാഷ്ട്ര പരിചയം കുറഞ്ഞ ഭരത് അരുണിനെ പോലെ ഉള്ളവരെ സഹപരിശീലകരാക്കാനായിരുന്നു ശാസ്ത്രി – വിരാട് ക്യാമ്പിന്റെ താൽപ്പര്യം. പക്ഷെ ശാസ്ത്രിയെക്കാൾ ഹെവി വെയ്റ്റുകളായ രാഹുൽ ദ്രാവിഡ് ബാറ്റിംഗ് പരിശീലകനും സഹീർ ഖാൻ ബൗളിങ്ങ് പരിശീലകനും ആയി എത്തിയത് ക്രിക്കറ്റിനു നല്ലതാണെങ്കിലും കോക്കസ് കളികൾക്ക് വിഘാതമാണ്. ദാദയുടെ ലക്ഷ്യവും മറ്റൊന്നല്ല. സഹീറും രാഹുലും സച്ചിന്റെയും ലക്ഷ്മണിന്റെയും അടുത്ത സുഹൃത്തുകൾ കൂടിയാണ്. അതു കൊണ്ട് തന്നെ ഈ പേരുകൾ നിരാകരിക്കാൻ ഇവർക്കായില്ല. പക്ഷെ തികച്ചും മാന്യരായ ഇവർക്കെതിരെ കുംബ്ലേയ്ക്കെതിരേ നടത്തിയ അമ്മായിയമ്മപ്പോര് നടത്തി പുകച്ച് ചാടിക്കുമോ എന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. എന്തായാലും ദാദയുടെ മറ്റൊരു എലഗന്റ് കവർ ഡ്രൈവ് കണ്ട് അമ്പരന്ന് നിൽക്കുകയാണ് ശാസ്ത്രിയും കോഹ്ലിയും