ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35A നെതിരെ കേന്ദ്ര സര്‍ക്കാര്‍
ഒരു നീക്കവും നടത്തുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ് .
“ചർച്ചകൾ നടത്താൻ കേന്ദ്രം തയ്യാറാണ്. കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളെ
സഹായിക്കാൻ സന്നദ്ധരായ എല്ലാവരെയും ക്ഷണിക്കുന്നു. എല്ലാ പങ്കാളികളും സ്വാഗതം ചെയ്യുന്നു, “അദ്ദേഹം പറഞ്ഞു.

കശ്മീരിലെ സ്ഥിരമായ പ്രശ്ന പരിഹാരത്തിന് കാരുണ്യം, ആശയവിനിമയം, സഹവർത്തിത്വം, ആത്മവിശ്വാസം, സ്ഥിരത എന്നിവ അടിസ്ഥാനമാക്കി
പ്രവര്‍ത്തിക്കുമെന്ന് രാജ്നാഥ് സിംഗ് പ്രസ്താവിച്ചു.
മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വർക്കിംഗ് പ്രസിഡന്റുമായ ഒമർ അബ്ദുല്ല ഉള്‍പ്പടെ 35 അംഗ സംഘവുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്.

എന്നാല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെ ആര്‍ എസ് എസ്  ഉം ബി ജെ പി യിലെ പ്രബല വിഭാഗവും എതിരാണ്.
സ്വതന്ത്ര്യം നേടിയതിനു ശേഷം ഇത്രയും കാലം കഴിഞ്ഞിട്ടും കശ്മീരിന്റെ പ്രതേക പദവി പിന്‍വലിക്കാന്‍ തയ്യാറാകാത്തത്, മുന്‍പ് ഭരിച്ച കോണ്‍ഗ്രസ്‌ സര്‍ക്കാരുകളുടെ പ്രീണന നയം കാരണമാണെന്ന് അവര്‍ വാദിക്കുന്നു . കശ്മീരിന്റെ പ്രത്യേക പദവിയെ അനുകൂലിക്കുന്ന, അവിടത്തെ പ്രശ്നങ്ങള്‍ സമാധാനപരമായി തീര്‍ക്കണമെന്ന് അഭിപ്രായം ഉള്ള മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു കൊണ്ടാണ് സംഘപരിവാര്‍ നേരിടാറുള്ളത് . അങ്ങിനെയുള്ള   സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് സംഘപരിവാര്‍ സംഘടനകള്‍ എങ്ങിനെ പ്രതികരിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.